Cyber Security Tip & Tricks
Showing posts with label film download. Show all posts
Showing posts with label film download. Show all posts

Saturday, April 30, 2011

FILM ഡൗണ്‍ലോഡ് ചെയ്യുന്ന പ്രേക്ഷകനും അഴിയെണ്ണും

FILM ഡൗണ്‍ലോഡ് ചെയ്യുന്ന പ്രേക്ഷകനും അഴിയെണ്ണും


പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നതിനുതൊട്ടുപിന്നാലെ ഇന്റര്‍നെറ്റിലേക്ക് അപ് ലോഡ് ചെയ്യുന്ന കൊടിയപാപം ചെയ്യുന്ന കൊടിയന്മാരേയും ശിഷ്യരേയും തറപറ്റിക്കാന്‍ പോലീസ് ഒരുങ്ങുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമാക്കിയും സൈബര്‍സെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചും പോലീസ് ശ്രമം തുടങ്ങി. ഇന്റര്‍നെറ്റിലൂടെ മലയാള സിനിമകള്‍ ഡൗണ്‍ലോഡു ചെയ്യുന്നവരേയും അഴിയെണ്ണിക്കുംവിധമാണ് നിയമം അണിഞ്ഞൊരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി സിനിമാ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം ഈ മാസം 28ന് കൊച്ചിയില്‍ ചേരും. വ്യാജ സീഡി നിര്‍മാണവും വിതരണവും ഇത്രയും കാലം വീഡിയോ പൈറസി ആക്ടില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഐ.ടി ആക്ടില്‍ കൂടി ചേര്‍ത്ത് വിപുലീകരിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പോലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നടത്താന്‍ കൂടി ഉദ്ദേശിച്ചാണ് ഉന്നതതല യോഗം. സിനിമാ നിര്‍മാതാക്കളെയും ടെക്‌നിക്കല്‍ ജീവനക്കാരെയുംകൂടി ഉള്‍പ്പെടുത്തും. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്. അടുത്ത ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ പറയുന്നു. തിയറ്ററില്‍ കാം കോഡര്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്.

'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബളിലൂടെ സംപ്രേഷണം ചെയ്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്.

സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം. പൃഥ്വിരാജ് നായകനായ ഉറുമി അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത ഒരു സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വരിഞ്ഞുമുറിക്കിയ മലയാളയുടെ യഥാര്‍ത്ഥചിത്രം പുറത്തായത്. അമേരിക്കയ്ക്കുപുറമേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സൈറ്റിലും ഉറുമി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. അതേസമയം സംഭവം വിവാദമായതോടെ സൈറ്റുകളില്‍ നിന്നെല്ലാം മലയാള സിനിമ അപ്രത്യക്ഷമായിരിക്കുകയാണ്.

പുതിയ മലയാളസിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ആഷ് മാജിക് ഡോട്ട് കോമിന്റെ ഉടമ മലയാളിയായ ജോണ്‍ കൊടിയനാണെന്നു കഴിഞ്ഞ ദിവസം കേരള പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഇതിനു പുറമെ, രണ്ടു വെബ്‌സൈറ്റുകള്‍ കൂടിയുണ്ടെന്നും, ഒരു സൈറ്റില്‍നിന്ന് മറ്റൊന്നിലേക്ക് ലിങ്ക് നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിഡിയോ ബിബി(വിബിബി) ഡോട്ട് കോം, ബേ മലയാളി ഡോട്ട് ഓര്‍ഗ് എന്നിവയാണ് മറ്റു രണ്ടു സൈറ്റുകള്‍. ഉറുമി, ഓഗസ്റ്റ് 15, ട്രാഫിക്, മേക്കപ്പ്മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്ടര്‍, റേയ്‌സ് തുടങ്ങിയ പുതിയ ചിത്രങ്ങളെല്ലാം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമായിരുന്നു. ഉറുമിയുടെ നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമയ്ക്കു വേണ്ടി മല്ലിക സുകുമാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോണ്‍ കൊടിയനെതിരെ കേസെടുത്തത്. കാലിഫോര്‍ണിയയിലെ ഒറാക്കിള്‍ റെഡ് വുഡ് ഷോര്‍സില്‍ വെബ് ഡിസൈനര്‍ ആന്‍ഡ് ഹോസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുകയാണ് കൊടിയന്‍. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് കാര്‍ഡിനല്‍ ടെറസില്‍ സ്ട്രീറ്റ് നമ്പര്‍ 3878ല്‍ താമസിക്കുന്ന ഇയാളുടെ ടെലിഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു.

Recent Comments